കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ

കൊല്ലത്ത് നായുടെ കടിയേറ്റ് വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് കടിയേൽക്കുകയായിരുന്നു.

താറാവിനെ ഓടിച്ചെത്തിയ നായയാണ് കടിച്ചത്. ഉടൻ തന്നെ പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി ഡോസ്) എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു. ഇനി മേയ് 6 നാണ് അവസാന ഡോസ് എടുക്കേണ്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് ആശുപ്രതിയിൽ എത്തിച്ചപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

കുട്ടിയെ കടിച്ച നായ് മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. നായ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവുനായയുടെ കടിയേൽക്കുകയും, പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *