നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയം; വിഡി സതീശന്‍

നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന്റെ മികച്ച വിജയം ടീം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ്. തന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തത്.

2026 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഇനിയും കൂടുതല്‍ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ശ്രമിക്കും.മുന്നോട്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ വിജയം കരുത്താകും.

അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്റെ വോട്ട് എവിടെയും പോയിട്ടില്ല. എല്‍ഡിഎഫിന് നിലമ്പൂരില്‍ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്റെ തെളിവാണ് ഈ വിജയം. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. മണ്ഡല പുനക്രമീകരണത്തോടെ നിലമ്പൂരിന്റെ രാഷ്ട്രീയ സ്വഭാവം മാറിയിരുന്നു. ഈ തെരഞ്ഞെടുപ്പോടെ വീണ്ടും യുഡിഎഫ് മണ്ഡലമായി. ഇപ്പോള്‍ പിവി അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം അല്ലെന്നും താന്‍ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ തന്റെ തീരുമാനം എന്ന രീതിയില്‍ മാധ്യമങ്ങള്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

പിവി അന്‍വറിന്റെ കാര്യത്തില്‍ വിഡി സതീശന്‍ തീരുമാനം പറയില്ല. കൂടിയാലോചനയ്ക്കുശേഷം അക്കാര്യം പറയും. നിലമ്പൂരില്‍ ഉണ്ടായത് ഭരണവിരുദ്ധ വികാരമാണ്. സര്‍ക്കാരിനോടുള്ള വെറുപ്പ് വ്യക്തമാണെന്നും ജനങ്ങളെ വിലകുറച്ച് കണ്ടതിനുള്ള മറുപടിയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *