മഹാനായ ​ശ്രീ വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്നേഹാദരം: ശിവഗിരി യൂണിയൻ മന്ദിരത്തിന് പേരിട്ടു – ‘ശ്രീ വെള്ളാപ്പള്ളി നടേശൻ നവതി മന്ദിരം’

വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് വർക്കലയുടെ ആദരം. സംഘടനയുടെ അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോടുള്ള ആദരസൂചകമായി എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരത്തിന് ‘ശ്രീ വെള്ളാപ്പള്ളി നടേശൻ നവതി മന്ദിരം’ എന്ന് പേര് നൽകും. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മന്ദിരം ഒക്ടോബർ 1 ന് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.

​പരിപാടിയുടെ അധ്യക്ഷൻ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ്. മന്ദിരത്തിലെ 200 പേർക്ക് ഇരിക്കാവുന്ന ശീതികരിച്ച ഹാളിന് വെള്ളാപ്പള്ളിയുടെ ഭാര്യ ശ്രീമതി പ്രീതി നടേശന്റെ പേരാണ് നൽകിയിരിക്കുന്നത്. ‘ശ്രീമതി പ്രീതി നടേശൻ സപ്തതി പ്രാർത്ഥന മന്ദിരം’ എന്നാണ് ഈ ഹാൾ അറിയപ്പെടുക. മൂന്ന് അതിഥി മന്ദിരങ്ങളും ഒരു നീന്തൽക്കുളവും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഈ പുതിയ മന്ദിരത്തിലുണ്ട്.

​90-ാം വയസ്സിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായ വെള്ളാപ്പള്ളി നടേശൻ എന്നും വാർത്താതാരമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തിനുള്ള അടുപ്പം സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ വെള്ളാപ്പള്ളി യാത്ര ചെയ്തത് സംസ്ഥാനത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

​കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി മികച്ച ബന്ധം പുലർത്തുന്ന, അസാമാന്യ സംഘടനാ വൈഭവമുള്ള വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം എസ്എൻഡിപി യോഗത്തിന് വലിയ മുതൽക്കൂട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *