രാഹുലിനെ തിരിച്ചെത്തിച്ച് പാർട്ടി പിടിക്കാൻ വിഷ്ണുനാഥ്! ലക്ഷ്യം പലത്, മാർഗ്ഗം കുത്തിതിരിപ്പ്

Rahul mamkoottathil and PC VIshnunath

തിരുവനന്തപുരം: പൊതുമധ്യത്തിൽ നിന്നും മറഞ്ഞിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക ആരോപണത്തിൽപ്പെട്ടതോടെ ജനങ്ങളിൽ നിന്നും ഒളിച്ചോടി കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ഗൊറില്ലാ യുദ്ധത്തിലാണ് ടിയാൻ. ഈ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുന്നതും തിരിച്ചുവരാനുള്ള വളഞ്ഞവഴികൾ വെട്ടുന്നതും ആരാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രാഹുലിന്റെ ഒക്കചങ്ങായി ഷാഫി പറമ്പിലിനെ ന്യായമായും സംശയിച്ചുപോകും. അത്രയ്ക്ക് ഇഴയടുപ്പമാണ് ഇരുവരും തമ്മിൽ.

ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ല എന്ന വിശ്വാസമാണ് എല്ലാവർക്കും. ഷാഫിക്കും അങ്ങനെ തന്നെയായിരുന്നു നിലമ്പൂർ ഓപ്പറേഷൻ വരെ വിശ്വസിച്ചിരുന്നത്. പി.വി അൻവറെ കോൺഗ്രസും യു.ഡി.എഫും അകറ്റി നിർത്താൻ ഔദ്യോഗികമായി തീരുമാനിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടം പിവി അൻവറിനെ പാതിരാത്രിയിൽ അതീവ രഹസ്യമായി സന്ദർശിക്കുന്നു. ഈ വിവരം ചാനലുകൾ പുറത്ത് വിട്ടതോടെ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ ഒന്നടങ്കം നടുങ്ങി. കൂടെ വിശ്വസിച്ച് കൊണ്ട് നടന്നവൻ പാലം വലിച്ചതിന്റെ ജാള്യത ഷാഫിയടക്കമുള്ള നേതാക്കൻമാർക്കുണ്ടായി. അവർ രാഹുലിനെ പരസ്യമായി തള്ളി പറഞ്ഞു.

രാഹുൽ ഒറ്റയ്ക്ക് പോയതല്ല എന്ന് പിന്നീട് നേതാക്കൾക്ക് മനസിലായി. കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡണ്ടുമാരിൽ ഒരാൾ ആയിരുന്നു അതിന് പിന്നിൽ. പി.സി. വിഷ്ണുനാഥായിരുന്നു കഥയിലെ വില്ലൻ. ഇപ്പോൾ അതേ വിഷ്ണുനാഥാണ് സസ്‌പെൻഷനിലായ രാഹുലിനെ കോൺഗ്രസിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നതും. നിയമസഭ സമ്മേളനത്തിൽ രാഹുലിനെ എത്തിക്കാൻ വിഷ്ണുനാഥ് അഹോരാത്രം പണിയെടുക്കുന്നു. 2021 ൽ അധികാരം പ്രതീക്ഷിച്ചിട്ട് അത് കിട്ടാതെ വന്നതോടെ തകർന്ന് തരിപ്പണമായ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് പി.സി. വിഷ്ണുനാഥ്. ഓപ്പറേഷൻ രാഹുൽ അതിന്റെ ഭാഗമാണ്.

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതായി പുറത്ത് വന്ന ശബ്ദരേഖ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ നിഷേധിച്ചിട്ടില്ല. രാഹുൽ വേണോ, ഭരണം വേണോ എന്ന് കോൺഗ്രസുകാർ ചിന്തിക്കേണ്ട സമയമാണ് ഇപ്പോൾ. പത്ത് വർഷം അധികാരത്തിന്റെ പുറത്ത് നിന്ന കോൺഗ്രസുകാർക്ക് ഇനിയും അധികാരം നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവില്ല. അധികാരം ഇല്ലെങ്കിലും ഏത് പുനഃസംഘടനയിലും കൃത്യമായി സ്ഥാനം ഒപ്പിക്കുന്ന ഭാഗ്യവാനാണ് വിഷ്ണുനാഥ്. ആ കളിയൊക്കെ വിഷ്ണുവിന് അറിയാം.

എ.ഐ.സി.സി സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ്്, ഇപ്പോൾ വർക്കിംഗ് പ്രസിഡന്റ്് ഇങ്ങനെ കനപ്പെട്ട കസേരകൾ വിഷ്ണുവിന്റെ പിന്നാലെ ഓടിയെത്തും. ഇനി ഭരണം കിട്ടിയില്ലെങ്കിൽ കുണ്ടറ വീണ്ടും കനിഞ്ഞാൽ അടുത്ത പ്രതിപക്ഷ നേതാവും പി.സി. വിഷ്ണുനാഥ് തന്നെ. ആ കസേരയും സ്വപ്‌നം കണ്ടാണ് രാഹുൽ സംരക്ഷണത്തിന് അണിയറയിൽ വിഷ്ണുനാഥ് കരുക്കൾ നീക്കുന്നത്. ഉമ്മൻ ചാണ്ടിയെ മാത്രമേ വിഷ്ണു സാറെ എന്ന് വിളിക്കൂ. ബാക്കി എല്ലാവരും ചേട്ടൻമാരാണ്. അതീവ വിനയത്വത്തോടെ കസേരകൾ ലക്ഷ്യമിട്ട് നടക്കുന്നതിൽ വിഷ്ണുവിന്റെ അത്രം പ്രാഗൽഭ്യം കോൺഗ്രസിൽ മറ്റാർക്കും ഇല്ല.

കോൺഗ്രസിന്റെ അടിയുറച്ച സീറ്റായ ചെങ്ങന്നൂർ എൽ.ഡി.എഫിന്റെ അടിയുറച്ച സീറ്റാക്കി മാറ്റിയതിൽ വിഷ്ണു വഹിച്ച പങ്ക് വിലപ്പെട്ടതാണ്. വീണ്ടും പ്രതിപക്ഷത്തിരുന്നാൽ കേരളത്തിൽ കോൺഗ്രസ് ഉണ്ടാവില്ല എന്ന നഗ്‌ന സത്യം മനസിലാക്കാതെ ആട്ടം കളിക്കുകയാണ് വിഷ്ണുവും സംഘവും. പുറത്തുവന്ന ശബ്ദരേഖ രാഹുലിന്റേതല്ല എന്ന് വിഷ്ണുവും പറയുന്നില്ല. തൽക്കാലം വിഷ്ണു ഒരുപൊടിക്കടങ്ങ്!.

പിണറായി ഭരണത്തിൽ കേരളം ഗതികെട്ട് നിൽക്കുകയാണ്. മഴകാത്ത് നിൽക്കുന്ന വേഴാമ്പലിന്റെ അവസ്ഥയിലാണ് കേരളം. ഭരണം മാറണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. പുറത്ത് വന്ന ശബ്ദരേഖ തന്റേതല്ല എന്ന് രാഹുൽ നിഷേധിച്ച് മാനനഷ്ട കേസ് കൊടുക്കട്ടെ ആദ്യം. എന്തേ, അയാൾ അത് ചെയ്യുന്നില്ല എന്ന മില്യൺ ഡോളർ ചോദ്യം അവിടെ തന്നെ നിൽക്കുകയാണ്. കുറെക്കൂടി കാത്തിരിക്കുക. പ്രതിപക്ഷ നേതാവ് കസേര 2026 ൽ തന്നെ വേണമെന്ന് വിഷ്ണുനാഥ് വാശിപിടിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *