തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായൻ രമേശ് ചെന്നിത്തല സപ്തതിയുടെ നിറവിലേക്ക്. 1956 മെയ് 25-ന് ജനിച്ച അദ്ദേഹം, വരാനിരിക്കുന്ന മെയ് 25-ന് തന്റെ ജീവിതയാത്രയുടെ ഏഴാം പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന ചുറുചുറുക്കോടെ, പാർട്ടി പ്രവർത്തനങ്ങളിൽ അവിശ്രമം മുന്നേറുന്ന ചെന്നിത്തലയുടെ സപ്തതി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അണികളും ആരാധകരും.
പ്രായം തളർത്താത്ത പടക്കുതിര
കെ.എസ്.യു കാലത്തെ അതേ ആവേശവും ഊർജ്ജസ്വലതയുമാണ് എഴുപതാം വയസ്സിലും അദ്ദേഹത്തിന്റെ മുഖമുദ്ര. കോൺഗ്രസ് പ്രവർത്തകസമിതി അംഗമെന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ഒരുപോലെ സജീവമാണ് അദ്ദേഹം. ഇന്ന് തിരുവനന്തപുരത്തെ ഒരു പരിപാടിയിൽ പങ്കെടുത്താൽ നാളെ അദ്ദേഹത്തെ കാണുക മഹാരാഷ്ട്രയിലോ ഡൽഹിയിലോ ആകും. വ പറന്നുനടന്നുള്ള ഈ രാഷ്ട്രീയപ്രവർത്തനം 70-ാം വയസ്സിലും മാറ്റമില്ലാതെ തുടരുന്നു.
ഹിന്ദി പ്രസംഗത്തിലെ ‘രാജമാണിക്യം’
രമേശ് ചെന്നിത്തലയുടെ പ്രസംഗശൈലി എടുത്തു പറയേണ്ട ഒന്നാണ്. പ്രത്യേകിച്ച്, ഡൽഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യം ദേശീയ നേതാക്കൾക്കിടയിൽ പോലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അത്രമാത്രം ഗാംഭീര്യവും വ്യക്തതയുമാണ് അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങൾക്കും. കോൺഗ്രസിന്റെ ‘രാജമാണിക്യം’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്നതും അദ്ദേഹത്തിന്റെ ഈ അതുല്യമായ വ്യക്തിപ്രഭാവം കൊണ്ടുതന്നെ.
നാട് സപ്തതി ആഘോഷമാക്കുന്നു
തന്റെ കർമ്മമണ്ഡലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ സപ്തതി ആഘോഷം ഒരു ചരിത്ര സംഭവമാക്കാനാണ് അദ്ദേഹത്തിൻ്റെ ആരാധകരുടെ ശ്രമം. കേരളത്തിലുടനീളം വിപുലമായ പരിപാടികളാണ് ആരാധകർ ആസൂത്രണം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
