തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര വിവാദത്തിൽ അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തലുകൾ പുറത്തുവന്നതായി റിപ്പോർട്ട്. ഇരയായ യുവതികളിൽ ഒരാൾ നടത്തിയത് അശാസ്ത്രീയമായ ഗർഭഛിദ്രമാണെന്നും, ഇതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി ഒരു സ്വകാര്യ ചാനൽ വാർത്ത പുറത്തുവിട്ടു.
തിരുവനന്തപുരം സ്വദേശിനിയായ 26കാരി നാല് മാസം ഗർഭിണിയായിരുന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രം നിർബന്ധിച്ചുവെന്നാണ് ആരോപണം. രാഹുലിന്റെ സുഹൃത്ത് വഴിയാണ് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കൈമാറിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗുളിക കഴിച്ചതിനെ തുടർന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും നിയമനടപടികൾക്ക് യുവതി താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. അതേസമയം, ഈ വിഷയത്തിൽ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ യുവതിയും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
