തോൽവി ഭയന്ന് ഒളിച്ചോടി പി.സി. വിഷ്ണുനാഥ്; ചുമതല കെ. മുരളീധരനെ ഏൽപ്പിച്ച് പാർട്ടി

തിരുവനന്തപുരം: നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒളിച്ചോടി കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്. കോൺഗ്രസിന്റെ മുൻനിര നേതാവായി സ്വയം വിലയിരുത്തി പാർട്ടിക്കുള്ളിൽ നീക്കങ്ങൾ നടത്തുന്ന നേതാവാണ് വിഷ്ണുനാഥ്.

ഭാവി മുഖ്യമന്ത്രിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നുള്ള ഓടടാ ഓട്ടം തിരുവനന്തപുരത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പരിഹാസം നിറഞ്ഞ ചർച്ചയായിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് ശേഷം അടുത്ത കോൺഗ്രസ് മുഖ്യമന്ത്രി താനാണെന്നാണ് ഇദ്ദേഹം അടുത്ത വൃത്തങ്ങളോട് സ്വയം വിശേഷിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ നേരത്തെ നടത്തി ഞെട്ടിച്ച കോൺഗ്രസിനെ ആകെ നാണം കൊടുത്തിയിരിക്കുകയാണ് വിഷ്ണുനാഥ്.

കോർപറേഷനുകളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുതിർന്ന നേതാക്കൾക്കാണ് ചുമതല നൽകിയിരുന്നത്. കണ്ണൂർ – കെ സുധാകരൻ, കോഴിക്കോട് – രമേശ് ചെന്നിത്തല, തൃശ്ശൂർ – റോജി എം ജോൺ, കൊച്ചി – വിഡി സതീശൻ, കൊല്ലം – വിഎസ് ശിവകുമാർ, തിരുവനന്തപുരം – പിസി വിഷ്ണുനാഥ് എന്നിവർക്കാണ് ചുമതല നൽകിയത്. എന്നാൽ ഇതിൽ നിന്നാണ് ഏതാനും മാസം കഴിഞ്ഞപ്പോൾ വിഷ്ണുനാഥ് ഉണ്ടയിട്ടത്.

തിരുവനന്തപുരം കോർപ്പറേഷനിൽ തോൽവി നേരിട്ടാൽ തന്റെ രാഷ്ട്രീയ ഗ്ലാമർ പോകുമെന്ന പേടിയാണ് ഉണ്ടയിടലിന് പിന്നിൽ. കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫിനെ കയ്യിലെടുത്താണ് വിഷ്ണു തിരുവനന്തപുരം മുങ്ങൽ ഓപ്പറേഷൻ നടത്തിയത്. സുധാകരനും ചെന്നിത്തലയും സതീശനും റോജിയും ശിവകുമാറും പാറപോലെ ഉറച്ച് നിന്ന് അവർക്ക് ചുമതലയുള്ള കോർപ്പറേഷനെ ജയിക്കാൻ വേണ്ടി തന്ത്രങ്ങൾ ഒരുക്കുമ്പോഴാണ് സണ്ണി ജോസഫിനെ ചാരി വിഷ്ണു മുങ്ങിയത്.

വിഷ്ണു മുങ്ങിയതോടെ അനാഥമായ തിരുവനന്തപുരം കോർപ്പറേഷൻ ചുമതല സ്വാഭാവികമായും കെ.മുരളീധരന്റെ ചുമലിലായി. ഓടിയൊളിക്കുന്ന ശീലമില്ലാത്ത കണ്ണോത്ത് കരുണാകരൻ മകൻ മുരളീധരൻ ചുമതല ഏറ്റെടുത്തതോടെ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് രംഗത്ത് കോൺഗ്രസ് പ്രവർത്തനം ചടുലമായിട്ടുണ്ട്. ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് മുരളീധരൻ നേടിയ 36,524 വോട്ടാണ് 2021 ൽ ബി.ജെ.പിയെ ചുരുട്ടികൂട്ടിയത്. മുരളി പിടിച്ച വോട്ടിന്റെ പച്ചയിൽ വി. ശിവൻകുട്ടി ജയിച്ചു. 2016 ൽ നേമത്ത് രാജഗോപാൽ ജയിച്ചപ്പോൾ യു. ഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 13860 വോട്ട്. അവിടെ നിന്നാണ് മുരളി വോട്ട് ഉയർത്തിയത്.

ആര്യ രാജേന്ദ്രന്റെ ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് തിരുവനന്തപുരം നിവാസികൾ. കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും എന്ന് ഉറപ്പാണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി ആര്യയുടെ വീഴ്ച മുതലെടുത്ത് കോർപ്പറേഷൻ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇത് കണ്ട് പേടിച്ചാണ് വിഷ്ണു മുങ്ങിയത്. അങ്കത്തിന് ഇറങ്ങുമ്പോൾ മുന്നിൽ നിന്ന് നയിക്കേണ്ട വിഷ്ണുനാഥ് ചേകവൻ മുങ്ങിയത് കോൺഗ്രസിന് ആകെ നാണക്കേടായി. ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ കെ. മുരളീധരൻ എത്തിയതോടെ രംഗം ഉഷാറായി. ഇതെല്ലാം സണ്ണി ജോസഫിന്റെ പിന്നിൽ നിന്ന് വീക്ഷിക്കുകയാണ് ഒളിച്ചോടിയ ഭാവി മുഖ്യമന്ത്രി വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *