ഭരണം തീരാറായപ്പോൾ പൊറാട്ടു നാടകവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം കിട്ടിയ അഹന്തയിൽ ജനങ്ങളെ അകറ്റി നിറുത്തി ഭരിക്കുന്നതിൽ നിർവൃതി കണ്ടെത്തിയ പിണറായിക്ക് മനം മാറ്റം. പി.ആർ. ടീമിൻ്റെ ഉപദേശമാണ് മനമാറ്റത്തിന് പിന്നിൽ.
മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന ഓമന പേരിൽ പുതിയ അഭ്യാസ മുറയാണ് പി.ആർ. ടീം മുഖ്യമന്ത്രിക്കായി തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ നികുതി പണത്തിൽ നിന്നും 20 കോടി മുടക്കിയാണ് പുതിയ അഭ്യാസമുറ .
ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചത്.
പേരു പോലെ തന്നെ കോമഡിയാണ് പരിപാടിയും. ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്ക് തോന്നിയത് ഭരണം തീരാൻ 8 മാസം മാത്രം ഉള്ളപ്പോഴാണ് എന്നതാണ് വിരോധാഭാസം. തുടർഭരണം കിട്ടിയതിന് ശേഷം മുഖ്യമന്ത്രിക്ക് പൗരപ്രമുഖരെ മാത്രം മതിയായിരുന്നു. ഖജനാവിൽ നിന്ന് കോടികൾ മുടക്കി പൗരപ്രമുഖരെ ഊട്ടുന്നതിൽ പ്രത്യേക താൽപര്യം മുഖ്യമന്ത്രി പ്രകടപ്പിച്ചിരുന്നു. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പ്രവേശിക്കാൻ
ജനങ്ങൾക്ക് നിരവധി കടമ്പകൾ കടക്കണം.
കറൻ്റ് ചാർജ് 6 തവണ കൂട്ടിയും വാട്ടർ ചാർജ് , ബസ് ചാർജ്, ഭൂ നികുതി, ബിൽഡിംഗ് ടാക്സ് തുടങ്ങിയ സകല നികുതികളും കുത്തനെ വർദ്ധിപ്പിച്ച് ജനങ്ങളെ പോക്കറ്റടിച്ച ഭരണമായിരുന്നു പിണറായിയുടേത്. സിൽവർ ലൈൻ മഞ്ഞ കുറ്റിയുമായി ജനങ്ങളുടെ വീട്ടിലേക്ക് പിണറായി ഉദ്യോഗസ്ഥർ നിർബാധം കടന്ന് വന്നു. എതിർത്തവരെ തല്ലി ചതച്ചു. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജനം അതിന് പകരം വീട്ടി. 20 പാർലമെൻ്റ് സീറ്റിൽ സി പി എമ്മിന് ജയിക്കാൻ ആയത് ഒരെണ്ണത്തിൽ മാത്രം. ബാക്കി ഭൂരിഭാഗം സീറ്റുകളിലും തോറ്റത് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ. ഉപതെരഞ്ഞെടുപ്പുകൾ ആകട്ടെ റെക്കോഡ് പരാജയവും എൽ.ഡിഎഫ് രുചിച്ചു.
2 മാസം കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് ഉണ്ടാകും. പിന്നെയും 5 മാസം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പും. അതുകൊണ്ട് പൗരപ്രമുഖർക്ക് ഒപ്പം ജനങ്ങളുടെ കയ്യിലും പിടിക്കാനാണ് സി എം വിത്ത് മീ.
യത്ഥാർത്ഥ പൗരപ്രമുഖർ ജനങ്ങൾ ആണെന്ന് മനസിലാക്കാൻ മുഖ്യമന്ത്രിയും സംഘവും ഏറെ വൈകി.
