തിരുവനന്തപുരം: എൻ.എസ്.എസ്. (നായർ സർവീസ് സൊസൈറ്റി) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇടതുപക്ഷത്തോട് അടുപ്പം കാണിക്കുന്നുവെന്ന പ്രസ്താവനയുടെ പേരിൽ രൂക്ഷമായ വിമർശനവുമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി ജി . ശക്തിധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശക്തിധരൻ സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് വിമർശനം.
‘മുഖ്യമന്ത്രിയെ തൊട്ടോ, പോക്ക്!’
’മുഖ്യമന്ത്രിയെ തൊട്ടോ, പോക്ക്!’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പിൽ, സുകുമാരൻ നായർ ഒരു ‘കെണിയിൽ’പ്പെട്ടിരിക്കുകയാണെന്ന് ശക്തിധരൻ ആരോപിക്കുന്നു. തുഷാർ വെള്ളാപ്പള്ളിയെ ഗൾഫിൽ കുടുക്കിയ സംഭവമാണ് ഇത് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നതെന്നും, രക്ഷകനായി അതേ ‘ദിവ്യൻ’ വീണ്ടും അവതരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സുകുമാരൻ നായർക്ക് മലയാളികളുടെ ‘സാർവത്രികമായ പൊതുവിജ്ഞാനം കമ്മിയാണ്’ എന്നും, അതുകൊണ്ടാണ് അദ്ദേഹം ഈ കെണിയിൽ പെട്ടുപോയതെന്നും ശക്തിധരൻ പരിഹസിക്കുന്നു. ‘തെക്കൻ നായർക്ക് ഇത് അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നറിയില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയും ‘കൈവിഷവും’
ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയെയും എസ്. ശക്തിധരൻ തന്റെ വിമർശനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ മസ്തിഷ്കത്തെ ‘കേരള രാഷ്ട്രീയം കണ്ടിട്ടുള്ള മുട്ടൻ കൊടും തിരുടന്റെ മസ്തിഷ്കം’ എന്ന് വിശേഷിപ്പിക്കുകയും, ഇത് ചന്ദനത്തിലും കുങ്കുമത്തിലും ഉരുട്ടി സുന്ദരമായി വെച്ചതാണെന്നും അദ്ദേഹം പരിഹസിച്ചു. “മുഖ്യമന്ത്രി ഏതു ജന്മം ജനിച്ചാലും അങ്ങിനെ ഒന്ന് ഒത്തുകിട്ടില്ല,” എന്നും ശക്തിധരൻ കുറിക്കുന്നു.
വെള്ളാപ്പള്ളി നൽകിയ ‘കൈവിഷം’ ഏറ്റതുകൊണ്ടാണ് സുകുമാരൻ നായർ ആഡംബര കാറിൽ വലിച്ചു കയറാൻ ഇടയായതെന്നും, ആ യാത്രയുടെ ‘അഴക്’ അംബമ്പോ എന്നായിരുന്നു പ്രതികരണം. സ്വന്തമായി അഭിപ്രായമില്ലാത്ത സുകുമാരൻ നായർ ചെന്നെത്തിയിരിക്കുന്നത് ‘ഓട്ട കാലണ കൊണ്ടുള്ള വണ്ടിയിലാണ്’ എന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുമായുള്ള അടുപ്പവും ‘അധോഗതിയും’
മുഖ്യമന്ത്രി ആരെ ചേർത്തുപിടിച്ച് വഴിവിട്ട് സഹായിച്ചാലും അയാൾക്ക് ‘അധോഗതി’ എന്നൊരു ചൊല്ലുണ്ടെന്ന് ശക്തിധരൻ പറയുന്നു. പല ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചരിത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. അഴിമതിയുടെ കറപുരളാത്തവർ പോലും വിദേശയാത്രകളിലും മറ്റും കച്ചവടം ഉറപ്പിച്ചു കൊടുക്കാൻ കൂട്ടുനിന്നാൽ പെടും. എം. ശിവശങ്കർ മുതൽ കഴിഞ്ഞ 10 വർഷം തലയിൽ കയറ്റി വെച്ച ഓരോരുത്തരുടെയും ഇന്നത്തെ അവസ്ഥ പരിശോധിക്കണമെന്നും ശക്തിധരൻ ആവശ്യപ്പെട്ടു.
ഉയർത്തുന്ന മറ്റ് ആരോപണങ്ങൾ
- ഡോ. കെ.എം. ഏബ്രഹാം: പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയും കാബിനറ്റ് പദവിയുമുള്ള ഡോ. കെ.എം. ഏബ്രഹാം എപ്പോഴാണ് ജയിലിലാകുക എന്ന് കാത്തിരുന്നാൽ മതിയെന്ന് ശക്തിധരൻ ആരോപിക്കുന്നു. അദ്ദേഹം എല്ലാ കൊള്ളകളുടെയും സവ്യസാചിയാണത്രെ എന്നും, അടുത്തൂൺ പറ്റിയിട്ട് ഏഴ് വർഷമായിട്ടും സെക്രട്ടറിയേറ്റിലെ ക്ലോസെറ്റിൽ തന്നെ ഇനിയും തൂറേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
- സുകുമാരൻ നായരുടെ കുടുംബം: ജി. സുകുമാരൻ നായരുടെ മകളുടെയും മരുമകന്റെയും ജോലി സംബന്ധിച്ചും രണ്ട് കുംഭകോണങ്ങളുടെ ആരോപണം നിലവിലുണ്ട് എന്നും, കോടികളാണ് ബാധ്യതയെന്നും ശക്തിധരൻ ആരോപിക്കുന്നു. “അറിഞ്ഞു സഹായിക്കാൻ ആളുണ്ടല്ലോ! ചിലപ്പോൾ പ്രത്യുപകാരം നിലപാട് മാറ്റം മാത്രമായി കൊടുത്താൽ മതി! ആരാണ് അത് ഒതുക്കി തീർത്തത്. ധനലക്ഷ്മി ബാങ്കിനും നല്ലകാലം. സ്വാമിയെ ശരണമയ്യപ്പ!” എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
