തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന, നിർബന്ധിത ഗർഭഛിത്ര പരാതിയുമായി യുവതി മുഖ്യമന്ത്രിക്ക് മുന്നിൽ. നേരിട്ടെത്തി തെളിവുകളുൾപ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി.
ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. വാട്ട്സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ എന്നിവയടക്കമുള്ള തെളിവുകൾ യുവതി കൈമാറിയതായാണ് വിവരം. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു കേസ് നിലനിൽക്കുന്നുണ്ട്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന പേരിലാണ് നേരത്തെ കേസെടുത്തത്. എന്നാൽ, അതിജീവിതയുടെ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിരുന്നില്ല.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ എ.ഐ.സി.സിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകിയിട്ടുണ്ട്. വനിതാ നേതാക്കളെ ഉൾപ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാണ് സജനയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന സംശയം ജനങ്ങളിൽനിന്ന് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
