തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുമ്പോൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ മുറുകുന്നു. കെ.സി വേണുഗോപാലിൻ്റെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ മാധ്യമങ്ങൾ വിമർശനം ഉയർത്തുന്നതിനിടെ, അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയ രാഷ്ട്രീയ നിരീക്ഷക സുധാ മേനോൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ വലിയ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

സുധാ മേനോൻ്റെ വാദവും ആലപ്പുഴയുടെ യാഥാർത്ഥ്യവും
കെ.സി വേണുഗോപാൽ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് സർവ്വ യോഗ്യൻ എന്ന് സ്ഥാപിക്കാനാണ് സുധാ മേനോൻ തൻ്റെ കുറിപ്പിലൂടെ ശ്രമിച്ചത്. പയ്യന്നൂർ സ്വദേശിയായ കെ.സിയെ ഏഴെട്ട് ജില്ലകൾക്കപ്പുറമുള്ള ഇടതു കോട്ടയായ ആലപ്പുഴ പിടിച്ചെടുക്കാൻ പാർട്ടി നിയോഗിച്ചുവെന്നും, ആ കോട്ട തകർത്താണ് അദ്ദേഹം എം.എൽ.എ ആയതെന്നുമാണ് സുധാ മേനോൻ്റെ പ്രധാന അവകാശവാദം. എന്നാൽ ഈ ‘തള്ളൽ’ രാഷ്ട്രീയ ചരിത്രവുമായി ഒത്തുപോകുന്നതല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചരിത്രം പറയുന്നത് ഇങ്ങനെ:
- 1991-ലെ ഫലം: കെ.സി വേണുഗോപാൽ ആദ്യമായി ആലപ്പുഴയിൽ നിന്ന് മത്സരിക്കുന്നത് 1996-ലാണ്. എന്നാൽ അതിന് തൊട്ടുമുമ്പ് നടന്ന 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ചത് യു.ഡി.എഫ് തന്നെയായിരുന്നു. അന്ന് എൻ.ഡി.പി സ്ഥാനാർത്ഥിയായിരുന്ന കെ.പി രാമചന്ദ്രൻ നായർ സി.പി.ഐയിലെ പി.എസ് സോമശേഖരനെ പരാജയപ്പെടുത്തിയാണ് എം.എൽ.എ ആയത്.
കരുണാകരനെ ചതിച്ചതിന് കിട്ടിയ പാരിതോഷികം
കെ.സി. വേണുഗോപാലിൻ്റെ രാഷ്ട്രീയ വളർച്ച സേവനപാരമ്പര്യം കൊണ്ടല്ല, മറിച്ച് തൻ്റെ രാഷ്ട്രീയ ഗുരുവായ കെ. കരുണാകരനെ പിന്നിൽ നിന്ന് കുത്തിയതിൻ്റെ ഫലമാണെന്നത് പകൽ പോലെ വ്യക്തമാണ്. കരുണാകരനെ തള്ളിപ്പറഞ്ഞ് എ.കെ. ആൻ്റണി പക്ഷത്തേക്ക് മറുകണ്ടം ചാടിയതിന് പ്രതിഫലമായിട്ടാണ് 1996-ൽ യു.ഡി.എഫിൻ്റെ ഏറ്റവും സുരക്ഷിതമായ ആലപ്പുഴ സീറ്റ് കെ.സിക്ക് വെച്ചുനീട്ടുന്നത്. 1991-ൽ സ്വന്തം തട്ടകമായ കാസർഗോഡ് ലോക്സഭാ സീറ്റിൽ മത്സരിച്ച് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ കെ.സിക്ക് അഭയം നൽകാൻ ആൻ്റണി കണ്ടെത്തിയ സുരക്ഷിത താവളമായിരുന്നു ആലപ്പുഴ.

മാധ്യമ വിമർശനവും പിൻവാതിൽ നീക്കങ്ങളും
മുഖ്യമന്ത്രിയാകാനുള്ള കെ.സി. വേണുഗോപാലിൻ്റെ അമിത താൽപ്പര്യത്തെ മീഡിയ വൺ ചാനൽ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിൽ വിറളിപൂണ്ടാണ് കെ.സി പക്ഷക്കാരിയായ സുധാ മേനോൻ ചരിത്രബോധമില്ലാത്ത ന്യായീകരണവുമായി രംഗത്തിറങ്ങിയത്. രാഷ്ട്രീയ മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം പ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.
”കെ.സിക്ക് വേണ്ടി പോസ്റ്റർ ഇറക്കുമ്പോൾ കുറച്ചെങ്കിലും ചരിത്രം പഠിക്കണം. കരുണാകരൻ്റെ കാല് വാരിയ ചരിത്രം കേരളം മറന്നിട്ടില്ല. സുധാ മേനോൻ എത്ര അസത്യങ്ങൾ എഴുതിയാലും ആലപ്പുഴയിലെ രാഷ്ട്രീയ സത്യങ്ങൾ തലയുയർത്തി തന്നെ നിൽക്കും.” – സോഷ്യൽ മീഡിയയിൽ നിന്നുള്ള ഒരു വിമർശനം.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ.സി. വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗവും രംഗത്തുണ്ട്. സുധാ മേനോനെപ്പോലുള്ളവരുടെ അമിത ‘തള്ളലുകൾ’ കെ.സിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.
