സംഘനൃത്തമാണ് ഭംഗി എന്ന് രാഹുൽ ഗാന്ധി; ഒറ്റയ്ക്ക് നൃത്തം കളിച്ച് കെ.സി വേണുഗോപാൽ ; അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കരുത് !

കോഴിക്കോട് : പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസുകാരോടായി പറഞ്ഞ ഒരു കാര്യമുണ്ട്. ‘സംഘ നൃത്തം ചെയ്യുമ്പോ ഒരാൾ ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് പരിഹാസമായിരിക്കുമെന്നാണ് അധികാരത്തിനായി കടിപിടി കൂട്ടുന്ന നേതാക്കളെ ട്രോളിക്കൊണ്ട് പറഞ്ഞത്. അദ്ദേഹം പറഞ്ഞ് നാക്ക് വായിലിടുന്നതിന് മുമ്പുതന്നെ ഡൽഹിയിൽ നിന്ന് പറന്നിറങ്ങാൻ വെമ്പുന്ന നേതാവിൻ്റെ ഗുണഗണങ്ങൾ അദ്ദേഹത്തിൻ്റെ ഭൂതഗണങ്ങൾ സോഷ്യൽ മീഡിയായിലൂടെ വാരി വിതറുകയാണ്. സദ്ഗുണ സമ്പന്നൻ, ഗാന്ധിജി തിരഞ്ഞെടുത്ത നേതാവ്, സദാ സദ് വിചാരം മാത്രമുള്ള ത്യാഗിവര്യൻ, സമരങ്ങളുടെ തീച്ചൂളയിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത പടനായകൻ , ഇങ്ങനെ പോകുന്നു പാടിപുകഴ്‌ത്തലുകൾ.

പിണറായി സർക്കാരിനെതിരെ കോൺഗ്രസ് നയിക്കുന്ന യു ഡി എഫ് ഉയർത്തിയ പ്രധാന ആരോപണം പിൻവാതിൽ നിയമനമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അത്തരമൊരു പിൻവാതിൽ നിയമനത്തിനാണ് ചിലർ കോപ്പുകൂട്ടുന്നത്.പി എസ് സി നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ എസ് എഫ് ഐ ഗുണ്ടകളായ ശിവരഞ്ജിത്തും നസീമും റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനങ്ങളിൽ വന്നു കേറിയതിനെതിരെ സമരം നടത്തിയവ രാണിപ്പോ പാരച്യൂട്ട് വഴി പറന്നിറങ്ങാൻ നോക്കുന്നത്. അതിന് കളമൊരുക്കാൻ ചില കൈകേയിമാരെക്കൊണ്ട് ഖണ്ഡകാവ്യങ്ങൾ രചിക്കുന്നു. ചില ശകുനിമാർ കള്ളച്ചൂത് കളിക്കാനൊരുങ്ങുന്നു. അപ്പുക്കുട്ടാ, ഓവറാക്കി ചളമാക്കരുതെന്നാണ് സാദാ കോൺഗ്രസുകാര് പറയുന്നത്. നിങ്ങൾ നേതാവിനെ പാടി പുക്ഴ്ത്തുമ്പോൾ സർക്കാരിനാലും സിപിഎമ്മിനാലും പീഡിപ്പിക്കപ്പെട്ട കോൺഗ്രസുകാർ ഈ ചക്കളത്തി പോരാട്ടം കണ്ട് അപമാനിതരാവാകയാണെന്ന തിരിച്ചറിവുണ്ടായാൽ കൊള്ളാം. ഇല്ലെങ്കിൽ പാർട്ടി ഇവിടെ ഉപ്പുവെച്ച കലം പോലെയാകും.

വിജയങ്ങളെ വിനയത്തോടെ സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാര് കേറിമേയും. നിലം പറ്റി മണ്ണു തിന്ന് കിടന്ന പാർട്ടിയേയും മുന്നണിയേയും ഒത്തൊരുമയോടെ കൊണ്ടു നടന്ന ടീം യുഡിഎഫിനെ തല്ലി തകർക്കുന്ന കാർക്കോട കൻമാരായി മാറരുതെ ന്നാണ് വോട്ടർമാർ ആവശ്യപ്പെടുന്നത്. സ്വന്തം നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കുന്നവരായി തീരാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കേണ്ടത്. അല്ലാതെ കാക്കക്കുട്ടിൽ വന്ന് മുട്ടയിടുന്ന കുയിലായി മാറാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി പറഞ്ഞ നിർദ്ദേശത്തെ നിങ്ങൾ തന്നെ റദ്ദ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *