ആദിശേഖര്‍ വധക്കേസില്‍ പ്രിയരഞ്ജന്‍ കുറ്റക്കാരന്‍, ശിക്ഷ നാളെ

കാട്ടക്കാടയിലെ പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തി. ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ വണ്ടിയിടിച്ചുകൊന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പ് പ്രകാരമാണ് കൊലപാതകം നടത്തിയതായി തെളിഞ്ഞത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിര്‍ണായക തെളിവായത്. തുറന്ന കോടതിയില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് തെളിവെടുത്തിരുന്നു.

2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡില്‍ വച്ച് പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍(15)നെ പ്രതി പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.

സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയില്‍ ഫുട്‌ബോള്‍ വെച്ച ശേഷം തിരികെ സൈക്കിളില്‍ കയറിയ സമയം കാര്‍ പാര്‍ക്ക് ചെയ്ത് കാത്തുനില്‍ക്കുകയായിരുന്ന പ്രിയരഞ്ജന്‍, കുട്ടി സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയതും അമിത വേഗത്തില്‍ കുട്ടിയുടെ നേര്‍ക്ക് കാര്‍ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്.

രക്തത്തില്‍ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേര്‍ന്നാണ് പുറകെ വന്ന കാറില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നല്‍കിയിരുന്നു. ആദിശേഖര്‍ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.

ക്ഷേത്രനട തുറന്നതിനാല്‍ മുതിര്‍ന്നവര്‍ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സാക്ഷികള്‍ പ്രതി പ്രിയരഞ്ജനെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖര്‍ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്‌സ്.യു.വി ഇലക്ട്രിക് കാറും കോടതിയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതി, പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത്.

കാട്ടാക്കട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിബു കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാങ്കേതിക തകരാര്‍ മൂലം കാര്‍ തനിയെ നീങ്ങി, ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടി എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത് , എന്നാല്‍ പ്രതി ബോധപൂര്‍വ്വമാണ് ഈ ഹീനമായ കൃത്യം ചെയ്ത എന്നും യാതൊരുവിധ യന്ത്ര തകരാറും വാഹനത്തിന് ഉള്ളതായി ഇല്ലായിരുന്നു എന്നും പ്രതി കൃത്യത്തിന് ശേഷം വാഹനം ഓടിച്ചിരുന്നതായി കോടതിയില്‍ തെളിവ് വന്നിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *