നടപടി ക്രമങ്ങൾക്ക് വിരുദ്ധം; രാജ്ഭവനിലെ പരിപാടി ഒഴിവാക്കിയതിൽ കൃഷി മന്ത്രിയുടെ ഓഫീസ് അയച്ച കത്ത്

രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമർശം. ആദ്യം അംഗീകരിച്ച മിനിട്സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

മിനിട്സ് മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാറ്റം സർക്കാർ പിന്തുടരുന്ന സാധാരണ നടപടി ക്രമങ്ങൾക്ക് വിരുദ്ധമെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചു. രണ്ടാമത് നൽകിയ മിനിട്സിൽ പുഷ്പാർച്ചന കൂട്ടിച്ചേർക്കുകയായിരുന്നു. എന്നാൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിന്നോടുള്ള എതിർപ്പ് കത്തിൽ നേരിട്ട് പറയുന്നില്ല.

കാര്യപരിപാടികൾ സംബന്ധിച്ച് രാജ്ഭവൻ ഇറക്കിയ ആദ്യ നോട്ടീസ് മാറ്റി രണ്ടാമത് ഒരു നോട്ടീസ് നൽകുകയായിരുന്നു. ഇതിൽ വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിക്കണം എന്നത് ചടങ്ങിൽ ഉൾപ്പെടുത്തി. രാജ്ഭവന്റെ ഈ നിർദ്ദേശം സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് നിലപാട് കൃഷി മന്ത്രി രാജ്ഭവനെ അറിയിച്ചെങ്കിലും പിന്മാറാൻ തയ്യാറായില്ല. ഇതോടെയാണ് അവസാന നിമിഷം പരിപാടി ബഹിഷ്‌കരിക്കാൻ കൃഷിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തീരുമാനിച്ചു. രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തന്നെ ഗവർണറും പരിസ്ഥിതി ദിനം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *