കോഴിക്കോട്: കെ.പി. സി.സി പുനസംഘടനയുമായി സണ്ണി ജോസഫ് മുന്നോട്ട്. പുനസംഘടനക്ക് പാര വയ്ക്കുന്ന വർക്കിംഗ് പ്രസിഡണ്ടുമാരെ ഒഴിവാക്കിയാണ് സണ്ണി ജോസഫിൻ്റെ ചർച്ച. മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ. സുധാകരൻ, വി.ഡി. സതീശൻ, കെ. മുരളിധരൻ, വി.എം സുധീരൻ, മുല്ലപ്പള്ളി, ഹസൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുമായിട്ട് അവസാനഘട്ട ചർച്ച പൂർത്തിയാക്കിയിരിക്കുകയാണ് പ്രസിഡണ്ട്.
സെക്രട്ടറിമാരുടെ ജംബോ ലിസ്റ്റ് കുറച്ച് എല്ലാവരും സഹകരിക്കണമെന്ന സണ്ണിയുടെ നിർദ്ദേശത്തോട് ഏവരും യോജിച്ചു. 170 പേരടങ്ങുന്ന സെക്രട്ടറിമാരുടെ ജംബോ ലിസ്റ്റ് ഇതിനെ തുടർന്ന് 120 പേരിലേക്ക് ചുരുക്കി. 90 ൽ എത്തിക്കാനാണ് സണ്ണിയുടെ ശ്രമം. വർക്ക് ചെയ്യാത്ത ജനറൽ സെക്രട്ടറിമാരെ മാറ്റാനും തീരുമാനം ആയി. കെ.പി. സി. സി പരിപാടിയിൽ ചാനലുകൾക്ക് മുന്നിൽ തള്ളി നിൽക്കുന്ന അഞ്ചോളം ജനറൽ സെക്രട്ടറിമാരുടെ കഥ കഴിയും.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പേര് പറഞ്ഞ് പുനസംഘടന നീട്ടി വയ്ക്കാനായിരുന്നു വർക്കിംഗ് പ്രസിഡണ്ടുമാരുടെ ശ്രമം. ഇവരുടെ കാലത്തുള്ളതും അതിന് മുൻപേയുള്ളതുമായ കഴിവുറ്റ കോൺഗ്രസ് നേതാക്കൾ പട്ടികയിൽ വന്നാൽ തങ്ങളുടെ സ്വാധിനം പാർട്ടിയിൽ നഷ്ടപ്പെടുമെന്ന ഭീതിയാണ് പുനസംഘടന അട്ടിമറിക്കാനുള്ള ഇവരുട നീക്കത്തിന് പിന്നിൽ. പുനസംഘടന നടത്താതെ സെക്രട്ടറിക്ക് പകരം കോഓർഡിനേറ്ററെ നിയമിക്കാമെന്ന വിഷ്ണുനാഥിൻ്റെ നിർദ്ദേശം സണ്ണി കയ്യോടെ തള്ളിയിരുന്നു.
പുനസംഘടന നടത്തിയാൽ പാർട്ടിക്ക് ഉണർവുണ്ടാകുമെന്നും തെരഞ്ഞെടുപ്പിന് ഇത് ഗുണം ചെയ്യുമെന്നുമുള്ള സണ്ണിയുടെ തീരുമാനത്തിനൊപ്പമാണ് മുതിർന്ന നേതാക്കളും. കസേര കിട്ടിയതിന് ശേഷം ഇനി വേറെയാരും നേതാവാകേണ്ട എന്ന ശൈലിയുമായി നടക്കുന്ന വർക്കിംഗ് പ്രസിഡണ്ടുമാർ കോൺഗ്രസ് പാർട്ടിയുടെ കാലൻമാരാണ് എന്ന് പറയാതെ വയ്യ. പിണറായി വിജയനെ ഭരണത്തിൽ നിന്ന് ഇറക്കി വിടാൻ കഴിവുള്ള നേതാക്കൾ പുനസംഘടന വഴി എത്തുന്നത് തടയാൻ ഇവരെന്തിനാണ് പാര വയ്ക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇവരുടെ നീക്കം പിണറായി വിജയൻ്റെ തുടർ ഭരണത്തിന് കാരണമാകുമെന്ന വ്യക്തമായ ബോധ്യം മുതിർന്ന നേതാക്കൾക്കുണ്ട്. അതുകൊണ്ടാണ് പാരവെപ്പുകാരായ വർക്കിംഗ് പ്രസിഡണ്ടുമാരെ ഒഴിവാക്കി പുനസംഘടനയുമായി മുതിർന്ന നേതാക്കൾ മുന്നോട്ട് പോകുന്നത്.
