പിണറായിയെ ജനത്തിന് മടുത്തോ? ഏറെ തയ്യാറെടുപ്പുകൾ നടത്തി ഇന്നലെ നടന്ന ആഗോള അയ്യപ്പസംഗമത്തിലെ സദസുകളും ശുഷ്കമായതോടെയാണ് പിണറായിയെ ജനങ്ങൾക്ക് മടുത്തു എന്ന വികാരം പൊതുമണ്ഡലത്തിൽ ഉയരുന്നത്. ഒരാഴ്ച മുൻപ് പാലക്കാട് പിണറായി ഉദ്ഘാടനം ചെയ്ത വ്യവസായ വകുപ്പിൻ്റെ കോൺക്ലേവിലും സദസ് ശുഷ്കമായിരുന്നു. വേദിയിൽ പ്രസംഗിക്കവേ ശുഷ്കമായ സദസിനെ ചൊല്ലി പിണറായി സംഘാടകരോട് കോപിക്കുകയും ചെയ്തു.
പി.ആർ ടീം തള്ളി കൊടുക്കുന്ന രാഷ്ട്രിയ അഭ്യാസങ്ങൾക്കും കോടികൾ ഖജനാവിൽ നിന്ന് ചെലവാക്കി നടത്തുന്ന രാഷ്ട്രീയ മാമാങ്കങ്ങൾക്കും ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല എന്ന് വ്യക്തം. പിണറായി ഭക്തൻമാരായ ചാനൽകുമാർ മാരുടെ തൊണ്ട പൊട്ടുമാറ് ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കും ജനങ്ങൾ ചെവി കൊടുക്കുന്നില്ല എന്ന് ഈ പരിപാടികൾ സാക്ഷ്യപ്പെടുത്തുന്നു. ആർക്കും വേണ്ടാത്ത പാർട്ടി ചാനൽ കൈരളിയെ കൂടാതെ റിപ്പോർട്ടറും അടുത്തിടെ രണ്ട് കട്ട കമ്മികളുടെ നേതൃത്വത്തിലുള്ള ചാനലും പിണറായിയെ വെള്ളപൂശാൻ സജീവമായി രംഗത്തുണ്ടെങ്കിലും അത് ഒന്നും ഏശുന്നില്ല.
2021 ൽ തുടർഭരണം നേടി ചരിത്രം കുറിച്ച പിണറായിയുടെ നിഴലാണ് ഇപ്പോൾ കാണുന്നത്. അഹന്തയാണ് പിണറായിയുടെ കുഴി തോണ്ടിയത്. 2021 ന് ശേഷം നടന്ന ലോകസഭ , നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായിക്ക് ജയിക്കാൻ ആയത് ആലത്തൂരും ചേലക്കരയിലും മാത്രം ആണ്. ബാക്കി 24 സ്ഥലങ്ങളിലും ദയനീയ തോൽവിയാണ് ഉണ്ടായത്. സിൽവർ ലൈൻ, നികുതി കൊള്ള, പോലിസ് അതിക്രമം, അഴിമതി, ധൂർത്ത്, മകളുടെ മാസപ്പടി , പൂരം കലക്കൽ, എ.ഡി. ജി.പി അജിത്കുമാറിന് സംരക്ഷണം, വിലകയറ്റം, വൈദ്യുത ചാർജ് വർധന തുടങ്ങിയ നിരവധി വിഷയങ്ങൾ പിണറായിയെ ജനങ്ങളിൽ നിന്നകറ്റി .
ഭരണം മാറിയാൽ പിണറായിക്ക് ചുറ്റുമുള്ളവർ ജയിൽ പോകേണ്ടി വരുന്ന അവസ്ഥയിലാണ്. മരം മുറി കേസിലെ പ്രതികളുടെ പേടിയും അത് തന്നെയാണ്. പിണറായിയുടെ വിശ്വസ്തരായ ഐ എ എസ് ഉദ്യോഗസ്ഥർ പലരും കേന്ദ്ര ഡപ്യൂട്ടേഷൻ സംഘടിപ്പിച്ച് ഡൽഹിക്ക് പറക്കുകയാണ്. പലരും പറക്കാൻ തയ്യാറെടുക്കുകയും ആണ്. വെള്ളാപ്പള്ളിയുടെ അവസ്ഥയും വിഭിന്നമല്ല. ഭരണം മാറി യു.ഡി.എഫ് വന്നാൽ വെള്ളാപ്പള്ളിയെ സംരക്ഷിക്കാൻ ഒരു ചെന്നിത്തല മാത്രമേ ഇപ്പുറത്ത് കാണൂ എന്ന പരിഭ്രാന്തിയിലാണ് വെള്ളാപ്പള്ളി. അഴിമതി വീരൻമാരെ ചുറ്റിലും നിറുത്തി, പാണൻമാരെ കൊണ്ട് പുകഴ്ത്തിയാലും ജനങ്ങൾ കൈവിടും എന്നതിൻ്റെ വ്യക്തമായ സൂചനയാണ് പിണറായി എത്തുന്നിടത്ത് കാണുന്ന ശുഷ്കമായ സദസ്.
