കെ.സി OR ചെന്നിത്തല മുഖ്യമന്ത്രിയായാൽ സത്യപ്രതിജ്ഞ ചടങ്ങിന് മുൻപന്തിയിൽ ഉണ്ടാകും! സതീശൻ ആണെങ്കിൽ ടി.വിയിൽ പോലും ചടങ്ങ് കാണില്ല ; വെള്ളാപ്പള്ളി ഗൗരവത്തിലാണ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സമ്മർദ്ദ തന്ത്രങ്ങളുടെ രാജാവ് വെള്ളാപ്പള്ളി നടേശൻ വീണ്ടും പ്രാർത്ഥനയിലാണ്. ഇത്തവണ പ്രാർത്ഥന തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ഒരാൾ മുഖ്യമന്ത്രി കസേരയിൽ എത്തണം എന്നതിനാണ്. കഴിഞ്ഞ പത്ത് വർഷം പിണറായി വിജയൻ എന്ന ‘പി.വി’യുമായി പുലർത്തിയ അവിശുദ്ധ ബന്ധത്തിന് അന്ത്യമാകുന്നു എന്ന തിരിച്ചറിവിലാണ് വെള്ളാപ്പള്ളി പുതിയ താവളം തേടുന്നത്.

പിണറായിയുടെ സംരക്ഷണവും മാറുന്ന രാഷ്ട്രീയവും
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നിരവധി കേസുകളിൽ പെട്ടുഴലുന്ന വെള്ളാപ്പള്ളിക്ക് പിണറായി വിജയന്റെ ഭരണം ഒരു ‘സുരക്ഷാ കവചം’ തന്നെയായിരുന്നു. പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മുഖ്യാതിഥിയായി മുൻനിരയിൽ തന്നെ വെള്ളാപ്പള്ളി എത്തുമായിരുന്നു. എന്നാൽ മെയ് 4-ന് പുറത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന് അനുകൂലമാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം ഇപ്പോൾ. ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് ഉറപ്പായതോടെ യു.ഡി.എഫിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത പ്രതീക്ഷ.

വേണുഗോപാലും ചെന്നിത്തലയും; വെള്ളാപ്പള്ളിയുടെ പ്രിയപ്പെട്ടവർ
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ.സി. വേണുഗോപാലോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഗ്രഹം. ഇവർ രണ്ടുപേരും മുഖ്യമന്ത്രി സ്ഥാനത്തെത്തിയാൽ തന്റെ കേസുകളിൽ നിന്നും ബിസിനസ് താല്പര്യങ്ങളിൽ നിന്നും തനിക്ക് പഴയതുപോലെ സുരക്ഷിതനായിരിക്കാം എന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പിണറായി വിജയൻ തന്റെ കാറിൽ വെള്ളാപ്പള്ളിയെ കയറ്റിയിരുത്തിയത് പോലെ, വെള്ളാപ്പള്ളിയെ താനും കാറിൽ കയറ്റുമെന്ന് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിയതും ഈ ബന്ധത്തിന് അടിവരയിടുന്നു.

വി.ഡി സതീശൻ: വെള്ളാപ്പള്ളിയുടെ പേടിസ്വപ്നം
എന്നാൽ യു.ഡി.എഫിലെ മറ്റൊരു പ്രബലനായ വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ കഥ മാറും. സതീശൻ മുഖ്യമന്ത്രിയായാൽ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിൽ പോലും കാണില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വെള്ളാപ്പള്ളി. തന്റെ രാഷ്ട്രീയ വേലകളൊന്നും സതീശന്റെ അടുത്ത് ചെലവാകില്ലെന്നും നിയമത്തിന് മുന്നിൽ താൻ വിചാരണ ചെയ്യപ്പെടുമെന്നും വെള്ളാപ്പള്ളി ഭയപ്പെടുന്നു. തനിക്ക് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ഒരു ഭരണാധികാരി വരുന്നതിനോടുള്ള കടുത്ത അമർഷമാണ് വെള്ളാപ്പള്ളിയുടെ ഈ ‘പ്രതിജ്ഞ’യ്ക്ക് പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *