എങ്ങനേയും മുഖ്യൻ ആകണം! കെ.സി.യുടെ വമ്പൻ പിആർ സ്റ്റണ്ട്; ഡോക്യുമെൻ്ററിയും പുസ്തകവുമായി KC ; പിണറായിക്ക് മോഹൻലാൽ, KC ക്ക് വിനോദ് മങ്കട

തിരുവനന്തപുരം: കേരളത്തിൽ ഭരണം കിട്ടുമോ ഇല്ലയോ എന്നതിനേക്കാൾ കോൺഗ്രസിനുള്ളിൽ ഇപ്പോൾ ചർച്ച ‘ആര് മുഖ്യമന്ത്രിയാകും’ എന്നതിനെക്കുറിച്ചാണ്. എന്നാൽ ഗ്രൂപ്പ് കളികൾക്കും അപ്പുറം തൻ്റെ ‘മുഖ്യമന്ത്രി പദം’ ഉറപ്പിക്കാൻ വമ്പൻ പിആർ നീക്കങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനപിന്തുണയേക്കാൾ ഉപരിയായി വ്യക്തിപ്രഭാവം വാനോളമുയർത്താൻ ലക്ഷ്യമിട്ടുള്ള ഡോക്യുമെൻ്ററിയുടെയും പുസ്തകത്തിൻ്റെയും പണിപ്പുരയിലാണ് അദ്ദേഹം.

​’കെ.സി.’ എന്ന വിശ്വപൗരൻ; വിനോദ് മങ്കടയുടെ സംവിധാനത്തിൽ ഡോക്യുമെൻ്ററി
​ദേശീയ പുരസ്കാര ജേതാവായ സംവിധായകനും ഏഷ്യാനെറ്റിലെ മുൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ വിനോദ് മങ്കടയാണ് കെ.സി. വേണുഗോപാലിൻ്റെ ‘മഹത്വം’ വിളിച്ചോതുന്ന ഡോക്യുമെൻ്ററി ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഇതിൻ്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തിലെ അതികായൻ എന്ന നിലയിൽ വേണുഗോപാലിനെ ഉയർത്തിക്കാട്ടി, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹമല്ലാതെ മറ്റാരുമില്ലെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഈ സിനിമയുടെ ലക്ഷ്യം.

അണിയറയിൽ പുസ്തകവും; ഗോസ്റ്റ് റൈറ്റിംഗുമായി പ്രമുഖ മാധ്യമപ്രവർത്തകൻ
​ഡോക്യുമെൻ്ററിക്ക് പുറമെ, കെ.സി. വേണുഗോപാലിൻ്റെ രാഷ്ട്രീയ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ഒരു പുസ്തകവും തയ്യാറാകുന്നുണ്ട്. ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ ഗോസ്റ്റ് റൈറ്ററായി (മറ്റൊരാൾക്ക് വേണ്ടി എഴുതുന്നയാൾ) പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപായി കെ.സി.യെ ഒരു ‘സൂപ്പർ ഹീറോ’ പരിവേഷത്തിൽ അവതരിപ്പിക്കാനാണ് ഈ നീക്കം.

പിണറായിയുടെ അതേ വഴിയിൽ കെ.സി.യും?
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി നൽകിയ ഒന്നായിരുന്നു പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള പിആർ വർക്കുകൾ. “പിണറായി അല്ലാതെ മറ്റാര്?” എന്ന ഫ്ലക്സ് ബോർഡുകളും മോഹൻലാൽ നടത്തിയ അഭിമുഖവും പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയിരുന്നു. സമാനമായ രീതിയിൽ, സ്വന്തം പാർട്ടിക്കുള്ളിലെ കരുത്തരായ നേതാക്കളെ വെട്ടിനിരത്തി കെ.സി. നടത്തുന്ന ഈ നീക്കം കോൺഗ്രസിനുള്ളിലും പുകച്ചിലുണ്ടാക്കുന്നുണ്ട്.

​”എൻ്റെ തല, എൻ്റെ ഫുൾ ഫിഗർ” എന്ന മട്ടിൽ കെ.സി. നടത്തുന്ന ഈ പിആർ അഭ്യാസങ്ങൾ അണികൾക്കിടയിൽപ്പോലും പരിഹാസ്യമാവുകയാണ്. ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ച് കേരളം ഭരിക്കാമെന്ന മോഹം ഡോക്യുമെൻ്ററിയിലൂടെ സഫലമാകുമോ അതോ തിരിച്ചടിയാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *