മുഖ്യമന്ത്രിയാകാൻ ആർത്തിപിടിച്ച നീക്കവുമായി കെ.സി; വിശ്വസ്ത ദീപ്തി മേരി വർഗീസിനെ KPCC പ്രസിഡന്റാക്കാൻ ചരടുവലി! ‘കെ.സി – ദീപ്തി’ കോമ്പോ വരുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഗ്രൂപ്പ് സമവാക്യങ്ങൾക്കും അധികാര കൈമാറ്റങ്ങൾക്കും വഴിമരുന്നിട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വൻ നീക്കങ്ങൾ. സംസ്ഥാന ഭരണത്തിന്റെ അമരക്കാരനാകാൻ ആർത്തിപൂണ്ട നീക്കങ്ങൾ നടത്തുന്ന കെ.സി, പാർട്ടി സംഘടന സംവിധാനത്തിന്മേൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുന്നതിനായി തന്റെ വിശ്വസ്തരെ പ്രധാന പദവികളിൽ അവരോധിക്കാൻ കരുനീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. നിലവിലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ എത്തിക്കാനാണ് കെ.സി ഗ്രൂപ്പിന്റെ പ്രധാന നീക്കം.

സർക്കാരിലും പാർട്ടിയിലും ‘കെ.സി – ദീപ്തി’ കോമ്പോ?

​സംസ്ഥാന സർക്കാരിലും പാർട്ടിയിലും വരാനിരിക്കുന്നത് ‘കെ.സി – ദീപ്തി’ കോമ്പോ ആയിരിക്കുമെന്നാണ് വേണുഗോപാൽ അനുകൂലികൾക്കിടയിലെ പ്രചാരണം. കെ.സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ പാർട്ടി സംവിധാനത്തെ തന്റെ വിശ്വസ്തയായ ദീപ്തിയിലൂടെ പൂർണ്ണമായും നിയന്ത്രിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിൽ. ദീപ്തി മേരി വർഗീസിന്റെ വിശ്വസ്തത ഇതിനായി പ്രയോജനപ്പെടുത്താനാണ് നീക്കം.

കുട്ടിമാളു അമ്മയ്ക്ക് ശേഷം മറ്റൊരു വനിത? ചരിത്രനീക്കത്തിന് കെ.സി

​ഏ.വി കുട്ടിമാളു അമ്മയ്ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷ പദവിയിൽ മറ്റൊരു വനിതയെ അവരോധിക്കുക എന്ന ചരിത്രപരമായ നീക്കത്തിലൂടെ പാർട്ടിയിൽ തനിക്ക് മേൽക്കൈ നേടാമെന്ന് കെ.സി കണക്കുകൂട്ടുന്നു. വനിത സംവരണ ബില്ലിന്റെ പേരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നൽകാവുന്ന ഏറ്റവും ശക്തമായ മറുപടിയാകും ദീപ്തിയുടെ നിയമനം എന്ന വാദവും ഇതിനോടകം അണിയറയിൽ ഉയർന്നു കഴിഞ്ഞു. ഇതിനായുള്ള പ്രത്യേക ‘ക്യാപ്സ്യൂളുകളും’ കെ.സി ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

ഗ്രൂപ്പ് പോര് മുറുകുമോ?

​വനിതാ പ്രാധാന്യം ഉയർത്തിക്കാട്ടി ദീപ്തിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ യുവത്വത്തിനും സ്ത്രീപക്ഷ രാഷ്ട്രീയത്തിനും പാർട്ടി നൽകുന്ന വലിയ പ്രാധാന്യമായി ഇതിനെ ചിത്രീകരിക്കാനാണ് കെ.സി പക്ഷത്തിന്റെ ശ്രമം. എ.വി കുട്ടിമാളു അമ്മയ്ക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റാകുന്ന വനിത എന്ന ഖ്യാതിയിലേക്ക് ദീപ്തിയെ എത്തിക്കാൻ കെ.സിക്ക് സാധിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *