തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അധികാരം പിടിച്ചെടുക്കാൻ അണിയറയിൽ നടക്കുന്നത് വൻ കരുനീക്കങ്ങൾ. എങ്ങനെയെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന കെ.സി. വേണുഗോപാലിന്റെ കടുത്ത ‘ആർത്തി’യാണ് ഇപ്പോൾ കോൺഗ്രസിനകത്തും പുറത്തും വൻ പൊട്ടിത്തെറികൾക്ക് വഴിമാറുന്നത്. ഇന്നലെ വെള്ളാപ്പള്ളി നടേശനെ മുൻനിർത്തി കെ.സി ക്യാമ്പ് നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
വെള്ളാപ്പള്ളിയുടെ വക്കാലത്ത്; ലക്ഷ്യം സംരക്ഷണമോ?
”മുഖ്യമന്ത്രിയാകാൻ കെ.സി വേണുഗോപാൽ യോഗ്യനാണ്” എന്ന വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റിന് പിന്നിൽ വലിയൊരു ‘ഡീൽ’ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ നിന്നുള്ള മോചനമാണ് വെള്ളാപ്പള്ളിയുടെ ഏക ലക്ഷ്യം. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ പിണറായി വിജയൻ തനിക്ക് നൽകിയ അതേ തണൽ കെ.സി വേണുഗോപാലിൽ നിന്നും വെള്ളാപ്പള്ളി പ്രതീക്ഷിക്കുന്നു. കേസിൽ നിന്നും രക്ഷപ്പെടാൻ പകരം കെ.സിയെ എത്ര വട്ടം വേണമെങ്കിലും പുകഴ്ത്താൻ താൻ തയ്യാറാണെന്ന ഉറപ്പിലാണ് വെള്ളാപ്പള്ളി ഇപ്പോൾ കളം പിടിച്ചിരിക്കുന്നത്.
സുധാകരൻ തൊടുത്തു; കെ.സി ടീം ഏറ്റെടുത്തു!
കെ.സിക്കായുള്ള ഈ പടയൊരുക്കം പെട്ടെന്നുണ്ടായതല്ല. തൊട്ടു മുൻപത്തെ ദിവസം മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ തന്നെ കെ.സിയെ പുകഴ്ത്തി രംഗത്തെത്തിയത് ഇതിന്റെ വ്യക്തമായ സൂചനയായിരുന്നു. പിന്നാലെ ഒരു കൂട്ടം നേതാക്കൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കെ.സിക്കായി ജയ് വിളികളുമായി രംഗത്തെത്തി.
കെ.സിക്ക് വേണ്ടി രംഗത്തിറങ്ങിയവർ:
മാത്യു കുഴൽ നാടൻ, ലിജു,
- വൈഷ്ണ സുരേഷ്
- പഴകുളം മധു
- എം.എം. നസീർ
- നെയ്യാറ്റിൻകര സനൽ
- രമ്യ ഹരിദാസ്
ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ച് സംസ്ഥാന ഭരണം കയ്യാളാനുള്ള കെ.സിയുടെ മോഹത്തിന് വെള്ളാപ്പള്ളിയെപ്പോലുള്ളവരുടെ പിന്തുണ തേടുന്നത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന വിമർശനവും ശക്തമാണ്.
മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിയുടെ പേടി
വർഷങ്ങളായി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുന്ന മൈക്രോ ഫിനാൻസ് കേസിലെ നടപടികൾ മന്ദഗതിയിലാക്കാൻ അധികാരത്തിലിരിക്കുന്നവരുടെ ഒത്താശ അത്യാവശ്യമാണ്. പിണറായി സർക്കാരുമായി വെള്ളാപ്പള്ളി കാത്തുസൂക്ഷിച്ച രഹസ്യ ബന്ധം ഇനി കെ.സി വേണുഗോപാലിലൂടെ തുടരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി പദം കെ.സിക്ക് ഉറപ്പാക്കാനും തന്റെ കേസുകൾ ഒതുക്കാനുമുള്ള ഇരുതല മൂർച്ചയുള്ള തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്.
